നടന്‍ ദിലീപ് വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുത്തു

ആലുവ: നടന്‍ ദിലീപ് പോലീസ് കാവലില്‍ ആലുവ സബ് ജയിലില്‍ നിന്നും കൊട്ടാരക്കടവ് പത്മസരോവരം വീട്ടിലെത്തി അച്ഛന്റെ ശ്രാദ്ധചടങ്ങുകളില്‍ പങ്കെടുത്തു.രാവിലെ എട്ടുമണിക്കാണ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്.കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്.വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല.  ആലുവാ നദീതീരത്തുള്ള വീടിനു മുന്നിലാണ് ചടങ്ങുകള്‍ നടന്നത്. അമ്മക്കും സഹോദരങ്ങള്‍ക്കും മകള്‍ക്കും ഒപ്പമാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്.
രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. കൃത്യം പത്തുമണിക്കു തന്നെ ദിലീപിനെ കോടതിയില്‍ തിരിച്ചെത്തിക്കും. മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ദിലീപിനെ കാണാന്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിട്ടുണ്ട്.രാവിലെ ഏഴുമുതല്‍ 11 വരെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും മാനുഷിക പരിഗണന നല്‍കിയാണ് കോടതിയുടെ തീരുമാനം.2008ലാണ് ദിലീപിന്റെ അച്ഛന്‍ പദ്മനാഭന്‍ പിള്ള മരിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും മൂത്തമകനായ ദിലീപാണ് ബലിയിടുന്നതെന്ന് അഭിഭാഷകര്‍ അറിയിച്ചു.അതേസമയം, അച്ഛന് ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രമാണെന്നും അനുവദിച്ചാല്‍ ഇതൊരു കീഴ്‌വഴക്കമാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ഇക്കാര്യം ജാമ്യാപേക്ഷ വാദിക്കുന്ന വേളയില്‍ പ്രതിഭാഗം ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *