കരസേന ഉടച്ചുവാര്‍ക്കുന്നു; 57,000 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി കരസേനയില്‍ വ്യാപകമായ അഴിച്ചുപണിവരുന്നു. ഓഫീസര്‍മാരടക്കം 57,000 സൈനികരെ പുനര്‍വിന്യസിക്കും. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സൈന്യത്തിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ലെഫ്. ജനറല്‍ ഷേകത്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.സമിതിയുടെ 99 നിര്‍ദേശങ്ങളില്‍ 65 എണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു.

ആദ്യഘട്ടത്തില്‍ വിവിധ തസ്തികകള്‍ പുനഃക്രമീകരിക്കും. ഓഫീസര്‍മാര്‍, ജെ.സി.ഒ., മറ്റ് റാങ്കുകളിലുള്ള സൈനികര്‍ തുടങ്ങി അമ്പത്തിയേഴായിരം തസ്തികകളാണ് പുനര്‍വിന്യസിക്കുന്നത്. യുദ്ധക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2019 ഡിസംബറിനുമുമ്പ് നവീകരണനടപടികള്‍ പൂര്‍ത്തിയാക്കും.

പ്രധാനമാറ്റങ്ങള്‍
* റേഡിയോ മോണിറ്ററിങ് കമ്പനി, എയര്‍സപ്പോര്‍ട്ട് സിഗ്നല്‍ റെജിമെന്റ്, കോമ്പോസിറ്റ് സിഗ്നല്‍ റെജിമെന്റ് തുടങ്ങി വിവിധ സിഗ്നല്‍ റെജിമെന്റ് തുടങ്ങി വിവിധ സിഗ്നല്‍ റെജിമെന്റുകള്‍ സംയോജിപ്പിച്ച് സിഗ്നല്‍സംവിധാനം മെച്ചപ്പെടുത്തും.
*കരസേന വര്‍ക്ഷോപ്പുകളുടെ പുനഃസംഘടനയും നവീകരണവും.
*സൈനിക ഫാമുകള്‍ നിര്‍ത്തലാക്കും. സൈനിക പോസ്റ്റല്‍ സംവിധാനം യുദ്ധമേഖലകളില്‍മാത്രം.
* കരസേനയിലേക്കുള്ള ക്ലറിക്കല്‍ ജീവനക്കാരുടെയും ഡ്രൈവര്‍മാരുടെയും തിരഞ്ഞെടുപ്പില്‍ നിലവാരം കൂട്ടും
*എന്‍.സി.സി.യുടെ കാര്യക്ഷമത വര്‍ധിപ്പിക്കും..

Leave a Reply

Your email address will not be published. Required fields are marked *