മുത്തലാഖ് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുത്തലാഖിന് രാജ്യത്ത് നിരോധനം. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ അഞ്ച് ജസ്റ്റിസുമാരില്‍ മൂന്ന് പേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേര്‍ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു.
ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, ആര്‍.എഫ്. നരിമാന്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.ചീഫ് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി.ആറു ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
സൈറ ബാനു, അഫ്രീന്‍ റഹ്‌മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, ഫര്‍ഹ ഫായിസ് എന്നിവരുടെ ഹര്‍ജികള്‍ക്കു പുറമെ, 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും പരിഗണിച്ച മുത്തലാഖ് പൊതുതാല്‍പ്പര്യ ഹര്‍ജികളും പരിഗണിച്ചു. മുത്തലാഖ് മതപരമായ മൗലികാവകാശമാണെന്ന വാദവും ഭരണഘടന ബെഞ്ച് പരിശോധിച്ചു.
മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീംകോടതി നിര്‍ണായകമായ ഈ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.
15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്‌മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *