മുത്തലാഖ് കേസില്‍ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ഇസ്ലാം വ്യക്തി നിയമത്തിലുള്‍പ്പെട്ട മുത്തലാഖിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച കേസില്‍ നാളെ സുപ്രീം കോടതി വിധി പറയും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിക്കുക.
മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും മാന്യതയും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് രീതികള്‍ എന്ന വാദങ്ങള്‍ പരിശോധിച്ചായിരിക്കും വിധി.

15 വര്‍ഷത്തെ വിവാഹ ബന്ധം മുത്തലാഖിലൂടെ വേര്‍പ്പെടുത്തപ്പെട്ട സൈറാബാനു , കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ രഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയാ സാബ്‌റി എന്നിവരാണ് മുത്തലാഖ് വിഷയത്തില്‍ കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബുഹു ഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷി ചേര്‍ന്നിരുന്നു. മുസ്ലീം വിമന്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി, ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവര്‍ എതിരെയും ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരും ഒരു കക്ഷിയാണ്.

മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി മുമ്പ് നിരീക്ഷിച്ചിരുന്നു.മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ സുപ്രീംകോടതി സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദംകേള്‍ക്കുമ്പോഴായിരുന്നു കോടതിനിരീക്ഷണം. മുത്തലാഖ് പാപമാണെന്നായിരുന്നു അമിക്യസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചത്.

ചീഫ് ജസ്റ്റീസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.സിഖ്, ക്രിസ്ത്യന്‍ , പാഴ്‌സി, ഹിന്ദു മുസ്ലിം സമുദായങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഈ ബെഞ്ചിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *