ബി.സി.സി.ഐയുടെ വിലക്ക് കോടതി റദ്ദാക്കി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.ഹൈക്കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും ശ്രീശാന്ത് പ്രതികരിച്ചു. വിധി കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയിലെത്തിയിരുന്നു.

പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല തുടര്‍ന്നാണ് ശ്രീശാന്ത് ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിച്ചത്. ബി.സി.സി.ഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങള്‍ ആധാരമാക്കിയാണ് ബി.സി.സി.ഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഡല്‍ഹി പോലീസിന്റെ വാദങ്ങള്‍ തള്ളി പട്യാല സെഷന്‍സ് കോടതി തന്നെ കുറ്റവിമുക്തനാക്കിയതെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബി.സി.സി.ഐയുടെ വിലക്ക് നിലനില്‍ക്കില്ലെന്നും ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കോടതി വെറുതെ വിട്ടതാണെന്നും ക്രിക്കറ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയത് ശരിയായ നടപടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ശ്രീശാന്തിനെതിരായ ബി.സി.സി.ഐയുടെ അന്വേഷണം നിലനില്‍ക്കുന്നതല്ല. ശ്രീശാന്തിനെ പോലൊരു കളിക്കാരനെ അധികകാലം മാറ്റി നിര്‍ത്താനാവില്ലെന്നും വിലക്കേര്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *