മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അവരുടെ രാജി. ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്ന് മായാവാതി ഇന്ന് രാവിലെ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് സഭയ്ക്ക് പുറത്ത് യുപി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് അവര്‍ സംസാരിച്ചിരുന്നു. യു.പിയില്‍ നടക്കുന്നത് ഗുണ്ടാരാജാണെന്നും അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹന്‍പുറില്‍ ദളിതര്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് രാവിലെ മായാവതി സംസാരിച്ചിരുന്നു.ഇതിനിടയില്‍ അവര്‍ക്ക് സംസാരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞതോടെ സഭ നിയന്ത്രിച്ചു കൊണ്ടിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അവരോട് പ്രസംഗം പെട്ടെന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് മായാവതി ഇടഞ്ഞത്.

രാജ്യത്തെ ദുര്‍ബലവിഭാഗത്തെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള അവസരം ലഭിച്ചില്ല. രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ സഭയിലിരിക്കുന്നതിലും അര്‍ത്ഥമില്ല – പിന്നീട് മാധ്യമങ്ങളെ കണ്ട മായാവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *