ഡി സിനിമാസ്: കൈയേറ്റം അന്വേഷിക്കല്‍ സങ്കീര്‍ണമെന്ന് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണമാണെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും കളക്ടര്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കൈയേറ്റം കണ്ടെത്താന്‍ വിശദമായ പരിശോധന വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ട്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉന്നത സംഘം അന്വേഷണം നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ലാന്റ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്.

സംസ്ഥാന രൂപവത്കരണത്തിനു മുന്‍പ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം.2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നാണ് പരാതി. ആലുവ സ്വദേശി സന്തോഷ് നല്‍കിയ പരാതിയില്‍ ദിലീപിന് അനുകൂലമായി അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ് ജയ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ഹിയറിങ്ങിനായി ലാന്‍ഡ് റവന്യൂ കമ്മീഷണറോട് നിര്‍ദേശിക്കുകയും ചെയ്തു.നേരത്തെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കിയ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തൃശ്ശൂര്‍ ജിലാ കളക്ടര്‍ രണ്ടു വര്‍ഷമായിട്ടും ഉത്തരവില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം.

കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച കാര്യംറവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്ഥിരീകരിച്ചു. വിശദമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും സര്‍ക്കാരിന്റെ സ്ഥലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *