ബി നിലവറ തുറക്കല്‍: അമിക്കസ്‌ക്യൂറി കേരളത്തിലെത്തും

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനായി അമിക്കസ്‌ക്യൂറി കേരളത്തിലെത്തും. രാജകുടുംബവുമായി ചര്‍ച്ചചെയ്യുന്നതിനും തന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുന്നതിനുമായിരിക്കും ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തുക.

ഈ ആഴ്ചതന്നെ അദ്ദേഹം ചര്‍ച്ചയ്ക്കായി എത്തുമെന്ന് രാജകുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ മാസം 20ന് മുന്‍പായി അദ്ദേഹം ക്ഷേത്രത്തിലെത്തുമെന്നാണ് സൂചന.ആചാരപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തന്ത്രി സമൂഹത്തിനുള്ള എതിര്‍പ്പ് മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് മുന്നോട്ടുവെച്ചിരുന്നു. അതിനാല്‍ അമിക്കസ്‌ക്യൂരി ക്ഷേത്രം തന്ത്രിയുമായും സാമിയാരുമായും സംസാരിക്കും.

നിലവറ തുറന്നാല്‍ അധികം പേര്‍ കയറുകയും ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുകയും ചെയ്യുന്നതിലാണ് രാജകുടുംബത്തിന് പ്രധാന എതിര്‍പ്പ്. നിലവറ തുറക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ചയിലൂടെ രാജകുടംബത്തിന്റെ ആശങ്ക പരിഹരിച്ച് അനുകൂല നിലപാടുണ്ടാക്കുന്നതിനായിരിക്കും ചര്‍ച്ചയില്‍ അമിക്കസ്‌ക്യൂറി ശ്രമിക്കുക.

ബി നിലവറ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന് രാജകുടുംബം നേരത്തെ അറിയിച്ചിരുന്നു. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്നും തന്ത്രി സമൂഹവും ഇതിനെ എതിര്‍ക്കുമെന്നും മുതിര്‍ന്ന രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞിരുന്നു. രാജകുടുംബത്തിന്റെ അനുമതിയോടെ മാത്രമേ ബി നിലവറ തുറക്കാന്‍ പാടുള്ളൂ എന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഏഴ് തവണ ബി നിലവറ തുറന്നിട്ടുണ്ടെന്ന വിനോദ് റായിയുടെ കണ്ടെത്തലിനോടും രാജകുടുംബം യോജിച്ചില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ അറയെ ബി നിലവറയായി തെറ്റിധരിക്കുകയാണ്. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന് രാജകുടുംബം ഉത്തരവാദകളായിരിക്കില്ലെന്നും അശ്വതി തിരുനാള്‍ ഗൗരിലക്ഷി ഭായി പറഞ്ഞു.സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായി തന്നെ രാജകുടുംബം ബി നിലവറതുറക്കരുതെന്ന ആവശ്യം ഉന്നയിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *