ദോക്‌ലാമില്‍ ടെന്റുകെട്ടി നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ദോക്ലാം വിട്ട് പോവണമെന്ന ചൈനീസ് നിര്‍ദേശത്തെ തള്ളി ഇന്ത്യ. സ്ഥലത്ത് ടെന്റടിച്ച് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചു. ദീര്‍ഘനാളത്തേക്ക് ഇവിടെ തങ്ങുന്നതിനായി സാധന സാമഗ്രികളും സൈന്യം എത്തിച്ചിട്ടുണ്ട്.

പന്ത് ഇന്ത്യയുടെ പക്ഷത്താണെന്നും ദോക്ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതാണ് നല്ലതെന്നും ചൈന പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഏത് സാഹചര്യത്തെയും നേരിടാനായി സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന് ചൈന നേരത്തെ വെല്ലുവിളിച്ചിരുന്നു.ഇതിന് മറുപടിയായി ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന മറുപടിയും പ്രതിരോധ മന്ത്രാലയം നല്‍കിയിരുന്നു.

സിക്കിമിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ നേര്‍ക്ക് നേര്‍ നില്‍ക്കുകയാണ്. കൈലാസ് മാനസ സരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ് കൊണ്ടായിരുന്നു ചൈന ആദ്യം പ്രകോപനം സൃഷ്ടിച്ചത്.തുടര്‍ന്ന് ഇന്ത്യന്‍ ബങ്കറുകള്‍ കൂടി തകര്‍ത്തതോടെ അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷ ഭരിതമാവുകയായിരുന്നു. ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് സ്ഥലത്തെ സൈനിക വിന്യാസവും ഇന്ത്യ വര്‍ധിപ്പിച്ചു. ഇതിനിടെയാണ് സൈന്യത്തെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചൈന രംഗത്തെത്തിയത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്‍ക്ക് ന്യൂഡല്‍ഹിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചൈനീസ് പൗരന്മാര്‍ വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *