ജി20ക്കിടെ മോദി–ഷീ ജിങ്​പിങ്ങ്​ അനൗപചാരിക കൂടിക്കാഴ്​ച

ഹാംബർഗ് (ജർമനി) : ജി 20 ഉച്ചകോടിക്കായി ജർമനിയിലെ ഹാംബർഗിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ചിൻപിങ്ങും കൂടിക്കണ്ടത്. ഇരുവരും ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‍ലെ ട്വീറ്റ് ചെയ്തു.എന്നാൽ, അതിർത്തിയിലെ തർക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ച നടന്നോ എന്ന കാര്യം വ്യക്തമല്ല.

ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കൾ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും പരസ്പരം പുകഴ്ത്തി സംസാരിച്ചതും ശ്രദ്ധേയമായി. ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിലാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയെ പുകഴ്ത്തിയത്.ബ്രിക്സ് കൂട്ടായ്മയെ ഏറ്റവും ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യ മുൻകൈ എടുക്കുന്നതിനെയും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് ആശംസകൾ നേർന്നു. ബ്രിക്സ് കൂട്ടായ്മയുടെ മുന്നേറ്റത്തിൽ ചൈനയുടെ സംഭാവന സംഭാവന മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജി–20 ഉച്ചകോടിക്കിടെ മോദിയും ചിൻപിങ്ങും ഉൾപ്പെടെയുള്ള ബ്രിക്സ് നേതാക്കൾ യോഗം ചേരുമെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. എന്നാൽ, ചൈനീസ് നേതാവുമായി ഉഭയകക്ഷി ചർച്ച കാര്യപരിപാടിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്തരീക്ഷം ഉഭയകക്ഷി ചർച്ചയ്ക്കു യോജിച്ചതല്ലെന്നായിരുന്നു ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങിന്റെ ‌പ്രതികരണം. അതിർത്തിയിൽനിന്ന് ഇന്ത്യ സൈന്യത്തെ ഉടൻ പിൻവലിച്ചു സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ദോക് ലാ മേഖലയിൽ ഭൂട്ടാൻ അതിർത്തിയിൽനിന്നു ചൈനീസ് സൈന്യം പിന്മാറണമെന്ന നിലപാടിലാണ് ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *