ഖത്തറും യുഎസുമായി 78,000 കോടിയുടെ യുദ്ധവിമാന കരാർ.

ദോഹ : ഉപരോധം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഖത്തർ യുഎസുമായി ഒപ്പുവച്ചത് 78,000 കോടി രൂപയുടെ (1200 കോടി ഡോളർ) യുദ്ധവിമാന കരാർ. ബോയിങ് എഫ്–15 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഖത്തർ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമാണു വാഷിങ്ടണിൽ ഒപ്പുവച്ചത്. നേരത്തേ തന്നെ അനുമതി ലഭിച്ച കരാറാണെങ്കിലും ഇപ്പോഴത്തെ സമ്മർദ സാഹചര്യങ്ങളിൽ ഇത് ഒപ്പിടാൻ കഴിഞ്ഞതു ഖത്തറിനു നയതന്ത്ര നേട്ടമായി. യുഎസുമായി ഏറെക്കാലമായുള്ള സൗഹൃദത്തിന്റെയും സൈനിക സഹകരണത്തിന്റെയും ഉറപ്പു വ്യക്തമാക്കുന്നതാണു കരാറെന്ന് ഖത്തർ പ്രതിരോധ സഹമന്ത്രി പറഞ്ഞു.

യുഎസിൽ 60,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കരാർ സഹായകരമാകും. സംയുക്ത നാവിക അഭ്യാസത്തിനായി രണ്ടു യുഎസ് യുദ്ധക്കപ്പലുകൾ ഖത്തറിലെത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമായി തുടരുമെ തുടരുമെന്നതിനു തെളിവായി. മധ്യപൗരസ്ത്യ, ഏഷ്യൻ മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ വ്യോമതാവളം ഖത്തറിലാണ്. ദോഹയിലെ അൽ ഉദീദ് വ്യോമതാവളത്തിൽ 11,000 യുഎസ് സൈനികരുണ്ട്. നൂറിലേറെ യുദ്ധവിമാനങ്ങളും ഇവിടെ നിന്നാണു നിയന്ത്രിക്കുന്നത്

അതിനിടെ, തങ്ങൾക്കെതിരായ വ്യോമ ഉപരോധം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഖത്തറിന്റെ ആവശ്യം യുഎൻ സംഘടനയായ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) പരിഗണനയ്ക്കെടുത്തു ഖത്തർ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സംഘടന ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *