ലണ്ടനിൽ ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ

ലണ്ടൻ: പടിഞ്ഞാറൻ ലണ്ടനിലെ ലാറ്റിമെർ റോഡിലുള്ള ഗ്രെൻഫെൽ ടവറിൽ വൻ അഗ്നിബാധ. പുലർച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 40 യൂണിറ്റുകളിലായി 200ലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തുന്നത്.കെട്ടിടത്തിന്‍റെ സമീപ പ്രദേശത്തുള്ളവരെ ഇതിനോടകം ഒഴിപ്പിച്ചു.

24 നില കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരങ്ങൾ. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. എന്നാൽ തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. 1974ൽ സ്ഥാപിച്ച കെട്ടിടത്തിന് 67.30 മീറ്റർ ഉയരം ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന് നൂറുമീറ്റർ അകലെവരെ ചാരവും പുകയും പടർന്നിട്ടുണ്ട്. തീ ഇതുവരെ നിയനത്രണ വിധേയമായിട്ടില്ല. 140ഫ്ലാറ്റുകൾ അടങ്ങിയ ഈ കെട്ടിടം നഗരത്തിലെ ഏറ്റവും പഴക്കമേറിയതാണ്.

കെട്ടിടത്തിൽ കുടുങ്ങിയവരോട് മൊബൈൽ ഫോണുകളിലെ ഫ്ലാഷുകൾ തെളിയിച്ച് കെ്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് അറിയിക്കണമെന്നാണ് അഗ്നിശമനസേനാ വിഭാഗം നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *