കേന്ദ്രമന്ത്രി ജെയ്റ്റ്ലിയും മാധ്യമപ്രവർത്തകരും തമ്മിലുള്ള രഹസ്യസംഭാഷണം പുറത്ത്.

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ട് മുതിർന്ന  മാധ്യമപ്രവർത്തകരും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും തമ്മിലുള്ള രഹസ്യസംഭാഷണം പുറത്തായി. വാട്സ് ആപിലൂടെ ഇവർ നടത്തിയ സംഭാഷണം അബദ്ധത്തിൽ മറ്റൊരു ഗ്രൂപിലേക്ക് മാറി എത്തിയതോടെയാണ് കേന്ദ്രമന്ത്രിയും മുതിർന്ന മാധ്യമപ്രവർത്തകരും തമ്മിലുള്ള അവിഹിത ബന്ധത്തിന്‍റെ വിശദാംശങ്ങൾ ചോർന്നത്.

ടൈംസ് ഓഫ്  ഇന്ത്യ എക്സിക്യുട്ടീവ് എഡിറ്റർ ദിവാകർ അസ്താനയാണ് ടൈംസ് ഓഫ്  ഇന്ത്യ ഡൽഹി ബ്യൂറോ ഗ്രൂപിലേക്ക് തെറ്റായി സന്ദേശം അയച്ചതെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. ദിവാകർ അസ്താനയും എക്കണോമിക് ടൈംസ്, ഓപൺ എന്നീ മാഗസിനുകളുടെ മുൻ എഡിറ്ററായ പി.ആർ. രമേഷും ചേർന്ന് പേരു പറയാത്ത ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥനുവേണ്ടി കേന്ദ്രമന്ത്രിയെ സ്വാധീനിച്ചതിന്‍റെ വിശദാംശങ്ങളാണ് സംഭാഷണത്തിലുള്ളത്.

ഐ.ടി.ഒ.യു (ഇൻകംടാക്സ് ഓവർസീസ് യുണിറ്റ്സ്) ലേക്ക് നിയമിക്കേണ്ട ഉദ്യോഗസ്ഥൻ ആരായാരിക്കണെന്നത് സംബന്ധിച്ച് അസ്താന, രമേഷ്, ജെയ്റ്റ്ലി എന്നിവർ നടത്തിയ ചർച്ചയാണ് പുറത്തായത്. ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും ടാക്സ് സംബന്ധമായ ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിക്കുക ഐ.ടി.ഒ.യുവിലെ ഈ ഉദ്യോഗസ്ഥരായിരിക്കും.

മൂന്ന് പേരും നടത്തിയ കൂടിക്കാഴ്ചയിൽ മാധ്യമപ്രവർത്തകർ ജെയ്റ്റ്ലിയോടും ജെയ്റ്റ്ലിയുടെ പ്രൈവറ്റ് സെക്രട്ടറി സിമാൻചല ദഷിനോടും(വാട്സ് ആപ് സന്ദേശത്തിൽ ഇവരുടെ പേര് പരാമർശിക്കുന്നത് ദഷ് എന്നാണ്) ഒരു പ്രത്യേക ഓഫിസറെ ലണ്ടനിലെ ഐ.ടി.ഒ.യുവിൽ നിയമിക്കണം എന്ന നിർദേശിക്കുന്നതാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം.

എന്തായാലും മാധ്യമപ്രവർത്തകരും കേന്ദ്രസർക്കാരിലെ മന്ത്രിമാരും തമ്മിലുള്ള അവിഹിത ബന്ധം ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ വരെ  എത്തിനിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് പുറത്തായ സംഭാഷണ ശകലം.

Leave a Reply

Your email address will not be published. Required fields are marked *