എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് നേരത്തെ അനുമതി നല്‍കിയിരുന്നു.നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ മദ്യനയം. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രിം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും.

കള്ളുവില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ നയത്തില്‍ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും സുപ്രീം കോടതി വിധി പ്രകാരം അടച്ചു പൂട്ടിയതുമായ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കും.അവിടെ തൊഴിലെടുത്തവര്‍ക്ക് ജോലി കൊടുക്കണമെന്ന വ്യവസ്ഥയില്‍ വൃത്തിയുള്ള സാഹചര്യമുള്ള അതേ താലൂക്കിലെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് അനുമതി. ത്രി സ്‌ററാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ അനുമതി നല്‍കാനും നയത്തില്‍ വ്യവസ്ഥയുണ്ട്. അത് കള്ള് ഷാപ്പുകള്‍ ഷാപ്പുകള്‍ വഴിയായിരിക്കും. വ്യവസ്ഥകള്‍ പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് കള്ള് വ്യവസായം സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് സ്ഥാപിക്കും.

കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാര്‍ഷിക വാടക നിലവിലുള്ളത് തുടരും. തെങ്ങിന്റെ എണ്ണത്തിലും മാറ്റമുണ്ടാകില്ല.മുന്‍വര്‍ഷം ഷാപ്പ് നടത്തിയവര്‍ക്കായിരിക്കും ഉടമസ്ഥതയ്ക്ക് മുന്‍ഗണന നല്‍കുക. ക്ഷേമനിധി മുടക്കിയവര്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യനിരോധനം പൂര്‍ണ പരാജയമാണെന്ന പറഞ്ഞ മുഖ്യന്ത്രി ലഹരിക്കുവേണ്ടി ഏതെങ്കിലും മാര്‍ഗം സ്വീകരിക്കുന്ന അവസ്ഥ ഇല്ലാതാക്കാനാണ് സര്‍ക്കാറിന്റെ പുതിയ നയം വഴി ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. ദേശീയപാതയുമായ ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകും.മദ്യവര്‍ജനത്തിന് മുന്‍തൂക്കം കൊടുക്കും. മദ്യവര്‍ജന പദ്ധതി വിമുക്തി ശക്തമായി മുന്നോട്ട് കൊണ്ടു പോകും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പും എക്‌സൈസ് വകുപ്പും ഏകോപിപ്പിച്ച് ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും. ഉള്ളവ പരിപോഷിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *