മൂന്ന് കോടിയുടെ നിരോധിച്ച നോട്ടുകളുമായി 5 പേര്‍ പിടിയില്‍.

പെരിന്തല്‍മണ്ണ: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകളുടെ വന്‍ശേഖരവുമായി അഞ്ചംഗസംഘം പിടിയില്‍. 3,22,27500 രൂപയുടെ കറന്‍സികളാണ് പിടിച്ചെടുത്തത്.

നാദാപുരം ചാലപ്പുറം സ്വദേശി ഒതിയാത്ത് വീട്ടില്‍ ഷംസുദ്ദീന്‍(42), കൊളത്തൂര്‍ കറുപ്പത്താല്‍ പുവാലപ്പടി വീട്ടില്‍ മുഹമ്മദ് ഇര്‍ഷാദ്(22), കറുപ്പത്താല്‍ കുന്നിന്‍പുറത്ത് വീട്ടില്‍ മുഹമ്മദ് നജീബ്(26), കോഴിക്കോട് പുതിയങ്ങാടി ചന്ദ്രാലയം വീട്ടില്‍ റിജു(37), കോഴിക്കോട് പന്നിയങ്കര ഹാഷിം മന്‍സിലില്‍ ഹാഷിം(32) എന്നിവരെ അറസ്റ്റ് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെ പെരിന്തല്‍മണ്ണ തറയില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. കാറിലും ബൈക്കിലുമായി കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു സംഘം. നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ഇത്രയും അധികം നോട്ടുകള്‍ പിടികൂടുന്നത് ആദ്യമായാണ്. നിരോധിത നോട്ടുകളുടെ വിപണനത്തിനായി ഒരു സംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

അറസ്റ്റിലായ സംഘത്തിന് തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലുള്ള ഹവാല ഇടപാടുകാരുമായി ബന്ധമുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും, നോട്ടുകളുടെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.

ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍, സിഐ സാജു.കെ.അബ്രഹാം, എസ്‌ഐമാരായ നരേന്ദ്രന്‍, എസ്‌ഐ സി.പി.മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *