കെ.യു.അരുണൻ എംഎൽഎയ്ക്കു പരസ്യശാസന.

തൃശൂർ : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ഇരിങ്ങാലക്കുട എംഎൽഎ കെ.യു.അരുണനു സിപിഎമ്മിന്റെ പരസ്യശാസന. നടപടി വേണമെന്ന ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നിർദേശം ജില്ലാ നേതൃത്വം അംഗീകരിക്കുകയായിരുന്നു. ‘പാർട്ടിക്ക് ഒരു പൊതു അച്ചടക്കമുണ്ട്. പൊതുപരിപാടികൾക്കു പോകുമ്പോൾ കൃത്യമായ ധാരണ വേണം പാർട്ടി അംഗങ്ങൾക്കുള്ള മാർഗനിർദേശം നേതാക്കൾക്കും ബാധകമാണ്’– നടപടി വിശദീകരിച്ചു ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് എംഎൽഎ നൽകിയ വിശദീകരണം യോഗം ചർച്ച ചെയ്തു. തെറ്റിദ്ധരിച്ചാണ് പങ്കെടുത്തതെന്ന എംഎൽഎയുടെ വാദം അംഗീകരിച്ചാണു കടുത്ത ശിക്ഷണനടപടി ഒഴിവാക്കിയത്. തെറ്റിദ്ധരിച്ചാണെങ്കിലും ആർഎസ്എസ് വേദിയിൽ പങ്കെടുത്തതു തെറ്റായ സമീപനമാണെന്നും നടപടി വേണമെന്നും ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടികളിലെ മൂന്നാമത്തെ നടപടിക്രമമായ പരസ്യശാസനയ്ക്കു തീരുമാനമെടുത്.

ജില്ലാ നേതൃത്വം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിൽ ഇക്കാര്യം വിശദീകരിക്കും. നടപടി സംബന്ധിച്ചു തീരുമാനമെടുക്കാൻ അടിയന്തരമായി യോഗം ചേരാൻ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്കു നിർദേശം നൽകിയിരുന്നു. രാവിലെ ജില്ലാ ആസ്ഥാനത്തു ചേർന്ന സെക്രട്ടേറിയറ്റ് യോഗം പ്രത്യേക അജൻഡയായി അരുണനെതിരെയുള്ള വിഷയം മാത്രം ചർച്ച ചെയ്താണു നടപടി തീരുമാനിച്ചത്.അരുണന്റെ ഭാഗത്തുനിന്നു ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായെന്നു പാർട്ടി വിലയിരുത്തി.

സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നതിനിടെ ആർഎസ്എസ് പരിപാടിയിൽ പോയതു തെറ്റായ സമീപനമാണെന്നും എംഎൽഎയുടെ നടപടി പാർട്ടിക്കു ദോഷം ചെയ്തതായും ഈ സാഹചര്യത്തിലാണു നടപടിയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പ്രാദേശിക നേതാവാണു പരിപാടിക്കു ക്ഷണിച്ചതെന്ന അരുണന്റെ വിശദീകരണത്തിൽ ഏരിയാ കമ്മിറ്റിയോടു പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *