കോട്ടയത്ത് സി.പി.എം പിന്തുണയോടെ വീണ്ടും കേരള കോൺഗ്രസിന് ജയം

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും സിപിഎം- കേരള കോൺഗ്രസ്- എം സഖ്യം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

എട്ടിനെതിരെ 12 വോട്ടുകൾക്കായിരുന്നു ജയം. സി.പി.ഐയും പി.സി.ജോർജിന്‍റെ ജനപക്ഷം പാർട്ടിയും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസിലെ ലിസമ്മ ബേബിയെ തോല്‍പ്പിക്കാനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ത്ഥിയെ സി.പി.എം പിന്തുണച്ചത്.

കെ.എം മാണി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ രാഷ്ട്രീയ ബാന്ധവത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണമെന്നും ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു.

അതേസമയം, തങ്ങൾ ആരുടേയും സഹായം അഭ്യർഥിച്ചിട്ടില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാവും ജില്ലാ പ്രസിഡന്റുമായ സഖറിയാസ് കുതിരവേലി അഭിപ്രായപ്പെട്ടത്. കേരള കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോ സമ്മതമോ കൂടാതെ രാവിലെ യോഗം ചേർന്നെടുത്ത തീരുമാനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഒരംഗത്തിന്‍റെ ഒഴിവ് വന്നത്. നിലവില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും സി.പി.എമ്മിനും ഓരോ അംഗം വീതമാണുളളത്.

Leave a Reply

Your email address will not be published. Required fields are marked *